തലയോലപ്പറമ്പ്:ടോൾ-പാലാംകടവ് റോഡിലെ ടോൾമുതൽ ചുങ്കം വരെയുള്ള ഭാഗം ആധുനിക നിലവാരത്തിൽ പുനർനിർമിക്കുന്ന പണികൾക്ക് തുടക്കമായി. ടോളിൽനിന്ന് ചുങ്കംവരെ മൂന്നര കിലോമീറ്റർ ദൂരമാണ് ബിഎംബിസി നിലവാരത്തിൽ പുനർനിർമിക്കുന്നത്. ഇരുവശങ്ങളിലും കാൽനടക്കാർക്കായി നടപ്പാതകളും ടോൾ ഭാഗത്ത് ഓടയും നിർമിക്കും.
കുണ്ടും കുഴിയുമായി തകർന്ന റോഡിലൂടെ കഴിഞ്ഞ18വർഷമായി പ്രദേശവാസികൾ നടത്തുന്ന യാത്രാ ദുരിതത്തെക്കുറിച്ച് ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ആലപ്പുഴ ജില്ലയിലെ ചേർത്തല ഭാഗത്തേക്ക് ശുദ്ധജലമെത്തിക്കാൻ ജപ്പാൻ കുടിവെള്ള പദ്ധതിക്കായി 18 വർഷം മുമ്പ് പൈപ്പുകൾ സ്ഥാപിച്ചതോടെയാണ് ടോൾമുതൽ ചുങ്കംവരെയുള്ള റോഡിന്റെ ശനിദശ ആരംഭിച്ചത്.
പൈപ്പുകൾ സ്ഥാപിച്ചശേഷം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നതായിരുന്നു കരാർ. പൈപ്പ് സ്ഥാപിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും റോഡ് സഞ്ചാരയോഗ്യമാക്കിയില്ല. വിവിധ രാഷ്ട്രീയ പാർട്ടികളും ജനങ്ങളും പ്രതിഷേധവുമായി എത്തിയതോടെ താത്കാലികമായി കുഴിയടയ്ക്കൽ മാത്രം നടന്നു.
ഇതിനിടയിൽ പല ഭാഗങ്ങളും പൈപ്പ് പൊട്ടി വെള്ളമൊഴുകി റോഡ് വീണ്ടും തകർന്നു. പഴയ പൈപ്പ് ഉപേക്ഷിച്ച് റോഡു വെട്ടിപ്പൊളിച്ച് പുതിയ പൈപ്പിട്ടു. മാസങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് തകർന്ന ഭാഗം പുനർനിർമിച്ചത്. റോഡിലെ വെള്ളക്കെട്ടുകൾ ആദ്യം ഒഴിവാക്കാൻ കുഴികളടച്ച് സഞ്ചാരയോഗ്യമാക്കും.
മഴക്കാലത്തിനുശേഷമായിരിക്കും പൂർണമായ ടാറിംഗ് നടത്തുന്നതെന്ന് പിഡബ്ല്യുഡി പൊതുമരാമത്ത് വിഭാഗം എഇ ടി.എ.നജുമുദ്ദീൻ പറഞ്ഞു. വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം റോഡ് ബി എം ബിസി നിലവാരത്തിൽ പുനർനിർമിക്കുന്നതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ.